Saturday, December 1, 2012

സാംസങ്ങിന്റെ ഗ്യാലക്സി s4 വരുന്നു



മൊബൈല്‍ ഫോണ്‍ രംഗത്ത് സാംസങ്ങിനെ മികച്ച സ്ഥാനത്തേക്ക് കൊണ്ട് വന്നത് ഗ്യാലക്‌സി ശ്രേണിയിലുള്ള ഫോണുകളായിരുന്നു. ഗ്യാലക്‌സി എസ് 2 ചരിത്ര വിജയം നേടിയപ്പോള്‍ സാംസങ്ങ് മൊബൈല്‍ ഫോണ്‍ രംഗത്ത് അവരുടെ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പിന്നാലേ വന്ന ടാബും എസ് 3 യും വില്‍പനയില്‍ വന്‍ മുന്നേറ്റം ആണ് കൈവരിച്ചത്.
ഗ്യാലക്‌സി എസ് 3 വില്‍പന നവംബറില്‍ മൂന്ന് കോടി കടന്നിരുന്നു. നോട്ട് രണ്ട് വിപണിയിലിറങ്ങി രണ്ടുമാസത്തിനകം 50 ലക്ഷം എണ്ണം വിറ്റു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ് 3 ആപ്പിളിന്റെ ഐ ഫോണ്‍ 4 എസിനെ കടത്തിവെട്ടി. 1.8 കോടി എസ് 3 വിറ്റപ്പോള്‍ ഐ ഫോണ്‍ 1.62 കോടിയാണ് വിറ്റത്. എസ് 3യുടെ 4.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സാംസങ്ങിനെ ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ 73 കോടി ഡോളര്‍ പ്രവര്‍ത്തനലാഭം നേടാന്‍ സഹായിച്ചിരുന്നു. എന്നാല്‍ നവംബര്‍ അവസാനം എസ് 3യെ മറികടന്ന് ഐഫോണ്‍ 5 വിപണിയില്‍ മേല്‍ക്കൈ നേടിയെങ്കിലും വൈകാതെ സാംസങ് മൊബൈല്‍ ഫോണ്‍ രംഗത്ത് ഒന്നാമനാവും എന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത് .
ഗ്യാലക്‌സി ശ്രേണിയില്‍ തന്നെ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണ്‍ ആയി ഇനി വരാനുള്ളത് എസ് 4 ആണ്. ജനുവരി എട്ട് മുതല്‍ 11 വരെ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സി.ഇ.എസ്) പ്രദര്‍ശിപ്പിച്ചേക്കും. ഇതേവര്‍ഷം ഫെബ്രുവരി 25 മുതല്‍ 28 വരെ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും എസ് 4 പ്രദര്‍ശിപ്പിക്കും. മിക്കവാറും 2013 മാര്‍ച്ചിലോ അല്ലെങ്കില്‍ ഏപ്രിലിലോ എസ് 4 രംഗപ്രവേശം ചെയ്യുമെന്നാണ് കരുതപ്പെടുന്നത് . 4.99 ഇഞ്ച് ഡിസ്പ്‌ളേയാകും എസ് 4നുണ്ടാകുക എന്നാണ് കരുതപ്പെടുന്നത്.
പ്രത്യേകതകള്‍
13 മെഗാപിക്സല്‍ ക്യാമറ, ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്, 1920* 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസല്യൂഷന്‍, ഒരിഞ്ചില്‍ 441 പിക്സലുള്ള സൂപ്പര്‍ അമോലെഡ് സ്ക്രീന്‍, പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്, 64 ജി.ബി വരെ മെമ്മറി കാര്‍ഡിടാവുന്ന സ്ളോട്ട്, എക്സൈനോസ് 5450 നാല് കോര്‍ രണ്ട് ജിഗാ ഹെര്‍ട്സ് പ്രോസസര്‍, രണ്ട് ജി.ബി റാം, പുതിയ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 2 ജി, 3ജി,  4 ജി എല്‍.ടി.ഇ എന്നിവയും എസ് 4 ഇല്‍ ഉണ്ടാകുമെന്നാണ് സൂചന.